സുൽത്താൻ ബത്തേരി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സഭ മുന്നേറണമെങ്കിൽ കൂട്ടായ പ്രവർത്തനവും ക്രിയാത്മക ചിന്തയും അനിവാര്യമാണെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ്. മലങ്കര സുറിയാനി സഭ ബത്തേരി രൂപതയുടെ നേതൃത്വത്തിൽ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എംസിഎ അല്മായ–വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റയ്ക്ക് ആർക്കും വിജയിക്കാനാകില്ലെന്നും സഭയുടെ വളർച്ചയ്ക്ക് മികച്ച ടീം വർക്ക് ആവശ്യമാണെന്നും ബിഷപ് പറഞ്ഞു. എംസിഎ, എംസിഎംഎഫ്, എംസിവൈഎം, എംസിസിഎൽ തുടങ്ങിയ സംഘടനകൾ വിവിധ മേഖലകളിൽ ശക്തമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവയുടെ പ്രവർത്തനങ്ങൾക്ക് ഏകോപനവും സഭയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും അനിവാര്യമാണ്.
ലക്ഷ്യബോധത്തോടെയും സഭയെക്കുറിച്ചുള്ള നല്ല കാഴ്ചപ്പാടോടെയും സംഘടനകൾ ടീം വർക്കായി മുന്നേറിയാൽ സഭയ്ക്ക് അതിവേഗം വളരാനും വികസിക്കാനും സാധിക്കും.
സഭയുടെ പ്രവർത്തനങ്ങളിൽ വിമർശനാത്മകവും വ്യത്യസ്തവുമായ ചിന്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. പ്രാർഥന, പഠനം, വിലയിരുത്തൽ എന്നിവയിലൂടെ പുതിയ ആശയങ്ങൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ രൂപീകരണവും നേതൃത്വവുമാണ് സഭാ പ്രവർത്തനങ്ങളുടെ അടിത്തറ. മെത്രാൻമാരും വൈദികരും അല്മായ നേതാക്കളും തങ്ങളുടെ വ്യക്തിത്വവും നേതൃത്വശേഷിയും സഭയുടെ വളർച്ചയ്ക്കായി വിനിയോഗിക്കണം.
പൊതുസമൂഹത്തിലെ അല്മായരുടെ സേവനവും സഭയുടെ ശുശ്രൂഷയുടെ ഭാഗമാണ്. രാഷ്ട്രീയ, വിദ്യാഭ്യാസ, ആതുരസേവന, കാർഷിക, വ്യവസായ, സംരംഭകത്വ മേഖലകളിൽ പ്രവർത്തിക്കുന്നവരെ അല്മായ ശുശ്രൂഷയുടെ വേദിയുമായി കൂടുതൽ ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബത്തേരി ഭദ്രാസനം പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം, മുഖ്യവികാരി ജനറൽ മോണ്‍. സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ, സഭാതല പ്രസിഡന്റ് ഡോ. എസ്.ആർ. ബൈജു, വികാരി ജനറാൾ മോണ്‍. ഡോ. ജേക്കബ് ഓലിക്കൽ, ഗുരുകുലം മൈനർ സെമിനാരി റെക്ടർ ഫാ. ഡോ. ചാക്കോ വെള്ളംച്ചാലിൽ, മുൻ രൂപത പ്രസിഡന്റ് പി.ഐ. വർഗീസ്, രൂപത വൈദികോപദേഷ്ടാവ് ഫാ. ജയിംസ് മലേപറന്പിൽ, രൂപത ജനറൽ സെക്രട്ടറി ചാക്കോ നരിമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കുകയും ചെയ്തു.